Mar Toma Sleeva: The Cross of Saint Thomas Christians

മാര്‍ തോമാ നസ്രാണികളുടെ സ്ലീവ


Here is a simple and comprehensive description of some Mar Thoma Sleevas (St. Thomas Crosses) found in India.

The article is written in Malayalam using Unicode fonts. In case of any difficulty in reading please update your Internet Browser with its latest version or read this page.

കുരിശ് ക്രൈസ്തവരുടെ പൊതുചിഹ്നമായി എ ഡി നാലാം നൂറ്റാണ്ട് മുതല്‍ ഉപയോഗിച്ച് വരുന്നു. ഭാരതത്തിലെ സാംസ്കാരിക പൈതൃകങ്ങള്‍ സാംശീകരിച്ചു രൂപപ്പെട്ട കേരളത്തിലെ ക്രൈസ്തവരുടെ സാംസ്കാരിക ചിഹ്നമായ മാര്‍തോമാസ്ലീവായെ പറ്റിയാണ് ഈ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

മാര്‍ തോമാ നസ്രാണികള്‍ എന്നാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍ പരക്കെ അറിയപ്പെട്ടിരുന്നത്. അവര്‍ വ്യാപകമായി ഇന്നുപയോഗിക്കുന്നതും മാര്‍ തോമാ സ്ലീവ എന്നറിയപ്പെടുന്നതുമായ മൈലാപ്പൂര്‍ കുരിശിന്റെ മാതൃകകള്‍ ദക്ഷിണഭാരതത്തില്‍ പലഭാഗത്തു നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പൌരാനികതയെ വിളിച്ചോതുന്ന ഏറ്റവും പുരാതനമായ ഒരു തെളിവാണ് ഈ കല്‍ക്കുരിശുകള്‍. പല പുരാതന ക്രൈസ്തവ സമൂഹങ്ങളിലും അവരുടെ സംസ്കാരങ്ങല്‍ക്കനുസൃതമായ കുരിശുരൂപങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ്‌ ദ്വീപുകളിലെ പുരാതന ഗേലിക് (Gaelic) കുരിശുകളും അര്‍മേനിയക്കാരുടെ ഖച്കാര്‍ (Khachkar) കുരിശും മധ്യേഷ്യയിലെ ജോര്‍ജിയന്‍ കുരിശും (Georgian cross) ഭാരതത്തിലെ മാര്‍ത്തോമ സ്ലീവയും ഇതുപോലെ സാംസ്കാരിക അനുരൂപണം വന്ന കുരിശുകളുടെ ഉത്തമമാതൃകകള്‍ ആണ്.

മാര്‍ തോമ നസ്രാണികളുടെ സ്ലീവ എന്ന അര്‍ത്ഥത്തില്‍ ആണ് മാര്‍ തോമ സ്ലീവ എന്ന പേര് പ്രചുരപ്രചാരം നേടിയത്. അല്ലാതെ തോമാശ്ലീഹ ഭാരതത്തില്‍ കൊണ്ടുവന്ന കുരിശെന്നും അദ്ദേഹം കൊത്തിയ കുരിശെന്നുമുള്ള പൊതുജനവിശ്വാസത്തിനു യാതൊരടിസ്ഥാനവുമില്ല. തമിഴില്‍ കുരിശ് എന്നതിന് തത്തുല്യമായ വാക്കായ സിലുവ സുറിയാനിയിലെ സ്ലീവ എന്ന വാക്കില്‍ നിന്നും രൂപാന്തരപ്പെട്ടുണ്ടായതാണ്. ഇത്തരം ഉദാഹരണങ്ങള്‍ തമിഴിലും മലയാളത്തിലും അനവധിയുണ്ടെന്നതും ഓര്‍ക്കുക. കുരിശ് എന്ന വാക്ക് പറങ്കി (Portuguese) ഭാഷയില്‍ നിന്നും കടമെടുത്തതാണ്.

ദക്ഷിണഭാരതത്തിലെ പുരാതനമായ പല്ലവ സംസ്കാരത്തിന്റെ ഉത്തമ മാതൃകകളായ വ്യാളിയും കമാനവും ഒത്തുചേര്‍ന്നു നില്‍ക്കുന്നത് പല ഹൈന്ദവ വിഗ്രഹങ്ങളില്‍ കാണുന്നത് പോലെ മൈലാപ്പൂര്‍കുരിശിലും കാണാം. ഇത് ഇവിടുത്തെ പുരാതനക്രൈസ്തവ സമൂഹത്തിന്റെ സാംസ്കാരിക അനുരൂപണത്തിന്റെ ഉത്തമമാതൃകയാണ്. റുഹാദ് കുദിശയുടെ പ്രതീകമായ പ്രാവ് കുരിശുരൂപത്തോട് ചേര്‍ത്ത് യൂറോപ്പിലെ പല പുരാതന കുരിശുകളിലും കാണപ്പെടുന്നുണ്ട്. റുഹാദ് കുദിശ പ്രാവിന്റെ രൂപത്തില്‍ മിശിഹായുടെ മാമോദീസയുടെ സമയത്ത് എഴുന്നള്ളി വന്നു എന്ന് നമ്മുടെ വേദപുസ്തകത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട് എന്നത് റുഹാദ് കുദിശയുടെ പ്രതീകമാണ് പ്രാവ് എന്നതാണ്. താമര ഭാരതസംസ്കാരത്തിന്റെ ചിഹ്നമാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. മൈലാപ്പൂര്‍ കൂടാതെ കേരളത്തില്‍ ആലങ്ങാട്ടും കടമറ്റത്തും മുട്ടുചിറയിലും കോതനല്ലൂരും കോട്ടയത്തും ഇത്തരം കുരിശുകള്‍ ഉണ്ട്. കൂടാതെ ഗോവയിലും ശ്രീലങ്കയിലും ഇത്തരം കുരിശുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനും പുറമേ മലേഷ്യയിലെ മലാക്കയിലും ബര്‍മയിലെ ക്യാന്‍സിത്തയിലും മധ്യേഷ്യയിലെ പലയിടത്തും ചൈനയില്‍ വ്യാപകമായും സമാന രീതിയിലുള്ള കുരിശുകള്‍ കാണപ്പെടുന്നു.

ഭാരതത്തിലുള്ള സ്ലീവകള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് ഒരു പ്രത്യേകതയുണ്ട്. അവയില്‍ എ ഡി ഏഴാം നൂറ്റാണ്ടിനു മുമ്പ് നിലന്നിനിരുന്ന പുരാതന ഭാഷയായ പല്ലവി ലിഖിതങ്ങള്‍ കൊത്തിയിട്ടുണ്ട്‌. ഈ ലിഖിതങ്ങളെക്കുറിച്ച് അനേകം പുരാവസ്തു-പുരാതനഭാഷാ പണ്ഡിതന്മാര്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ ഇവ കേരളത്തില്‍ നിലനിന്നിരുന്ന അതിപുരാതനമായ ക്രൈസ്തവ സംസ്കാരത്തിന്റെ ഭാഗമാണെന്നു തെളിയിച്ചിട്ടുണ്ട്. വിശ്രുത പല്ലവിഭാഷ ശാസ്ത്രജ്ഞനും മധ്യപൂര്‍വേഷ്യയിലെ സംസ്കാരവിദഗ്ദനുമായ ബി ടി അന്ക്ലെസേറിയ കേരളത്തില്‍ കണ്ടെത്തിയ എല്ലാ കുരിശുകളെക്കുറിച്ചും, മറ്റു ഗവേഷകരുടെ പഠനങ്ങളും അവലോകനം ചെയ്ത ശേഷം അഭിപ്രായപ്പെട്ടത് ഇവയില്‍ ആലങ്ങാട്ടെക്കുരിശാണ് ഏറ്റവും പഴക്കമേറിയതെന്നാണ്.

പറങ്കികള്‍ വരുന്നതിനു മുമ്പ് കേരളത്തിലെ ദേവാലയങ്ങളിലെ മദ്ബഹകളില്‍ മാര്‍ തോമാ സ്ലീവകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പറങ്കികളുടെ ആഗമനത്തോടെ പല പള്ളികളിലും ക്രൂശിത രൂപം സ്ഥാനം നേടുകയും മാര്‍ തോമ സ്ലീവയുടെ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ അടുത്തകാലത്തായി പല ദേവാലയങ്ങളിലും മാര്‍ തോമ സ്ലീവകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളുടെ തോമാസ്ലീഹായില്‍ നിന്നുള്ള പാരമ്പര്യത്തിന്റെ പുരാതനവും ഏറ്റവും ശക്തവുമായ തെളിവാണ് മാര്‍ സ്ലീവകള്‍. ഈ കുരിശുകള്‍ കണ്ടെടുക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഭാരതത്തിലെ ക്രൈസ്തവരുടെ പുരാതന പാരമ്പര്യം തന്നെ ചോദ്യംചെയ്യപ്പെടുമായിരുന്നു. ഭാരതത്തില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള മാര്‍ തോമാ സ്ലീവാകളുടെ ചിത്രങ്ങളും അവയെക്കുറിച്ചുള്ള ചെറുവിവരണവും താഴെ കൊടുത്തിരിക്കുന്നു.

Mount Cross

പടത്തില്‍ അമര്‍ത്തിയാല്‍ വലുതായി കാണാം.

മൈലാപ്പൂരിലെ അത്ഭുതസ്ലീവ

സ്ലീവകളില്‍ ഏറ്റവും പ്രധാനമായതാണ് മൈലാപ്പൂരിലെ അത്ഭുതസ്ലീവ. പല പുരാതന ലിഖിതങ്ങളും മൈലാപ്പൂരിനെ തോമാസ്ലീഹായുടെ കബറിടസ്ഥാനമായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും പറങ്കി വേദപ്രചാരകര്‍ ആണ് 1547 ല്‍ ഈ കുരിശ് കണ്ടെത്തിയത്. പെരിയമലയിലെ നശിച്ചുകിടന്ന പള്ളി പുനരുദ്ധരിക്കുവാന്‍ വേണ്ടി ഭൂമി കുഴിച്ചപ്പോള്‍ ആണ് ഈ സ്ലീവാ കണ്ടെടുത്തത്. പലതവണ രക്തം വിയത്തത് കൊണ്ട് അത്ഭുതസ്ലീവാ എന്ന് ഇതറിയപ്പെടുന്നു. ഇന്നും മൈലാപ്പൂരിലെ പെരിയമലപ്പള്ളിയിലെ അള്‍ത്താരയിലെ മുഖ്യപ്രതിഷ്ഠ ഇതാണ്.

Mount Cross, Mylapore, Tamil Nadu.

Picture Credits: M Thomas Antony

പടത്തില്‍ അമര്‍ത്തിയാല്‍ വലുതായി കാണാം.

കോട്ടയം സ്ലീവ - 1

കോട്ടയം വലിയപള്ളിയില്‍ ഇത്തരം രണ്ടു സ്ലീവകള്‍ ഉണ്ട്. ഈ രണ്ടു സ്ലീവകളും പ്രധാന മദ്ബഹയുടെ ഇരുവശങ്ങളിലും ഉള്ള ത്രോണോസുകളില്‍ പ്രതിഷ്ടിച്ചിരിക്കുന്നു. ഇവിടെ കാണിച്ചിരിക്കുന്ന ചെറിയ സ്ലീവ കൊടുങ്ങല്ലൂരിലുള്ള പഴയ ഏതോ പള്ളിയില്‍ നിന്നും കൊണ്ടുവന്നു സ്ഥാപിച്ചതാണെന്ന് പരക്കെ ഒരഭിപ്രായമുണ്ട്. ഇതിലും മറ്റുസ്ലീവകളില്‍ ഉള്ളതുപോലെ പല്ലവി ലിഖിതങ്ങള്‍ ഉണ്ട്.

Kottayam Cross -1, Kerala.

Picture Credits: M Thomas Antony

പടത്തില്‍ അമര്‍ത്തിയാല്‍ വലുതായി കാണാം.

കോട്ടയം സ്ലീവ - 2

വലിയപള്ളിയിലെ രണ്ടാമത്തെ സ്ലീവ ആദ്യത്തേതിനെക്കാള്‍ വലിയതാണ്. വലിയ സ്ലീവയില്‍ പല്ലവിയിലുള്ള ലിഖിതങ്ങള്‍ക്കൊപ്പം പൌരസ്ത്യ സുറിയാനി ലിഖിതങ്ങളും കാണപ്പെടുന്നു. പൌരസ്ത്യ സുറിയാനി ലിഖിതങ്ങള്‍ പിന്നീട് എഴുതി ചേര്‍ക്കപ്പെട്ടതാകാം. ഈ സ്ലീവായ്ക്ക് മൈലാപ്പൂരിലെ സ്ലീവയുമായി വളരെ സാമ്യമുള്ളതിനാല്‍ അതിന്റെ ഒരു പകര്‍പ്പാണെന്നു വിശ്വസിക്കുന്നു.

Kottayam Cross -2, Kerala.

Picture Credits: M Thomas Antony

പടത്തില്‍ അമര്‍ത്തിയാല്‍ വലുതായി കാണാം.

ആലങ്ങാട് സ്ലീവ

1931 ല്‍ വഴിയരികില്‍ മറഞ്ഞുകിടന്നിരുന്നതാണ് ഈ സ്ലീവ. ഇതിനുചുറ്റും പല്ലവി ലിഖിതങ്ങള്‍ ഉണ്ട്. നേരത്തെ പറഞ്ഞതുപോലെ സ്ലീവകളില്‍ ഏറ്റവും പഴക്കമേറിയത് ഇതാണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ലിപിയുടെ ശാസ്ത്രീയമായ അപഗ്രഥനത്തില്‍ നിന്ന് മനസിലാകുന്നത് ഈ സ്ലീവ മൂന്നാമത്തെയോ നാലാമത്തെയോ നൂറ്റാണ്ടില്‍ ഉണ്ടാക്കിയതാണ് എന്നാണ്. ഇതിലെ ലിഖിതങ്ങള്‍ക്ക് മറ്റുള്ളവയില്‍ ഉപയോഗിച്ചിരിക്കുന്ന ലിപികളെക്കാള്‍ കൃത്യതയുള്ളതിനാല്‍ ഇതായിരിക്കാം ആദ്യത്തെ സ്ലീവാ. ഇന്ന് ഇത് ആലങ്ങാട്ടുള്ള സെന്റ്‌ മേരീസ് പള്ളിയുടെ സമീപമുള്ള കുരിശുപള്ളിയില്‍ സ്ഥാപിച്ചിരിക്കുന്നു.

Alengadu Cross, Kerala.

Picture Credits: M Thomas Antony

പടത്തില്‍ അമര്‍ത്തിയാല്‍ വലുതായി കാണാം.

കടമറ്റം സ്ലീവ

ഈ സ്ലീവ കടമറ്റത്തുള്ള പുരാതന പള്ളിയിലെ വലതുവശത്തെ ഭിത്തിയില്‍ പതിച്ചുവച്ചിരിക്കുന്നു. ഇതിലും പല്ലവി ലിഖിതങ്ങള്‍ ഉണ്ട്.

Kadamattom Cross, Kerala.

Picture Credits: M Thomas Antony

പടത്തില്‍ അമര്‍ത്തിയാല്‍ വലുതായി കാണാം.

കോതനല്ലൂര്‍ സ്ലീവ

ഈ സ്ലീവ കോതനല്ലൂരുള്ള കന്തീശങ്ങളുടെ പള്ളിയുടെ ഭിത്തിയില്‍ കുമ്മായം കൊണ്ട് പൊതിഞ്ഞു മറക്കപ്പെട്ട രീതിയില്‍ കാണപ്പെട്ടു. ഇപ്പോള്‍ ഇത് പള്ളിക്ക് പുറത്തു സ്ഥാപിച്ചിരിക്കുന്നു.

Kothanalloor Cross, Kerala.

Picture Credits: M Thomas Antony

പടത്തില്‍ അമര്‍ത്തിയാല്‍ വലുതായി കാണാം.

 

മുട്ടുചിറ സ്ലീവ

മുട്ടുചിറയിലെ റുഹാദ് കുദിശയുടെ പള്ളിയുടെ പിന്‍ഭാഗത്ത്‌ വളരെ അപ്രധാനമായ സ്ഥാനത്ത് ഭിത്തിയില്‍ പതിപ്പിച്ചു വച്ചിരിക്കുന്ന ഈ സ്ലീവ കാണാം. ഇതിലെ പല്ലവി ലിഖിതങ്ങള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നതായി കാണുന്നു. പള്ളിക്ക് സമീപത്തു നിന്ന് കിട്ടിയ ശിലാഫലകത്തില്‍ ഈ സ്ലീവയുടെ സ്ഥാപനത്തെക്കുറിച്ച് പറയുന്നുണ്ട്.

Muttuchira Cross, Kerala

പടത്തില്‍ അമര്‍ത്തിയാല്‍ വലുതായി കാണാം.

ഗോവയിലെ സ്ലീവ

ഗോവയിലെ സ്ലീവ അഗാസിം എന്ന സ്ഥലത്ത് നിന്ന് 2001 ല്‍ ഇടിഞ്ഞുപൊളിഞ്ഞു കിടന്ന ഒരു കല്‍ക്കുരിശിന്റെ അടി തറയ്ക്കുള്ളില്‍നിന്നുമാണ് കണ്ടെടുത്തത്. ഈ സ്ലീവയും നശിപ്പിക്കപ്പെട്ടരീതിയില്‍ ആണ് കാണപ്പെട്ടത്. ഇതില്‍ പറങ്കിഭാഷയില്‍ മാര്‍തോമാനസ്രാണികളുടെ കുരിശ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

Agasim Cross, Goa.

Picture Credits: M Thomas Antony

വാലറ്റം

ലോകത്തെമ്പാടുമുള്ള ആദിമക്രൈസ്തവ സമൂഹങ്ങളില്‍ കുരിശുകള്‍ മാത്രമാണ് പള്ളികളില്‍ ഉപയോഗിച്ചിരുന്നത്. പ്രതിമകള്‍ പ്രചാരത്തിലായത്തിനു ശേഷം മാത്രമാണ് ക്രൂശിതരൂപങ്ങള്‍ പ്രയോഗത്തില്‍ വന്നത്. കേരളത്തില്‍ പറങ്കികള്‍ ആണ് ക്രൂശിതരൂപങ്ങള്‍ ആദ്യമായി കൊണ്ടുവന്നത്. മാര്‍ തോമ നസ്രാണികളുടെ ഈ സ്ലീവാ, മരണത്തിന്റെയും പാപത്തിന്റെയുംമേല്‍ വിജയം നേടിയ ഉദ്ധിതനായ മിശിഹായുടെ പ്രതീകം ആണ്. ശ്ലീഹന്മാര്‍ നേരില്‍ കണ്ടും അനുഭവിച്ചും അറിഞ്ഞ വിശ്വാസപാരമ്പര്യത്തിന്റെ ഭാരത സംസ്കാരം അനുലയിപ്പിച്ചുകൊണ്ടുള്ള അമൂര്‍ത്തമായ അടയാളമാണ് മാര്‍ തോമ സ്ലീവ.

കേരളത്തിലെ ക്രിസ്ത്യാനികളുടെ തോമാസ്ലീഹായില്‍ നിന്നുള്ള പാരമ്പര്യത്തിന്റെ പുരാതനവും ഏറ്റവും ശക്തവുമായ തെളിവാണ് മാര്‍ സ്ലീവകള്‍. ഈ കുരിശുകള്‍ കണ്ടെടുക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഭാരതത്തിലെ ക്രൈസ്തവരുടെ പുരാതന പാരമ്പര്യം തന്നെ ചോദ്യംചെയ്യപ്പെടുമായിരുന്നു.

 

 

Write your comments to this article on info 'at' nasranifoundation.org

References

1. M T Antony "Saint Thomas Cross: A Religio-Cultural Logo of Saint Thomas Christians", Festschrift in Honour of Prof. Dr Varghese Pathikulangara, CMI, pp. 237-270, Denha Services 2011.

2. C J Costa, "Apostolic Christianity in Goa and in the West Coast", Xaverian Publication Society, 2009.

3. www.khachkar.am, "Khachkars, Symbol of Armenian identity", accessed on June 9, 2011.

4. Wikipedia, "Celtic cross", http://en.wikipedia.org/wiki/Celtic_cross, accessed on June 9, 2011.

5. Wikipedia, "Grapevine cross", http://en.wikipedia.org/wiki/Grapevine_cross, accessed on June 9, 2011.

6. The Nazrani, http://thenazrani.org/cross.htm, accessed on June 9, 2011.


 

Read more articles

 

© Nasrani Foundation

Feel free to use this text anywhere. We are grateful if you cite us. Write your comments to this article on info 'at' nasranifoundation 'dot' org.