വടക്കുംഭാഗക്കാരും തെക്കുംഭാഗക്കാരും


 

മേല്പ്പറഞ്ഞ വടക്കുംഭാഗക്കാർ RC എന്നും, തെക്കുംഭാഗക്കാർ ക്നാനായകാർ എന്നും ആണ് പൊതുവെ ഇന്നറിയപ്പെടുന്നത്‌. ആദ്യത്തെ വിഭാഗക്കാർ അറിവില്ലായ്മ കൊണ്ട് തങ്ങളെ RC എന്ന് വിളിക്കുന്പോൾ രണ്ടാമത്തെ കൂട്ടർ, അഭിമാനപൂർവം അവരുടെ അടുത്തകാലത്ത്‌ പ്രചരിപ്പിച്ച പേര് ഉപയോഗിക്കുന്നു. രണ്ടു വിഭാഗക്കാരും ഒരു കാലത്ത് നസ്രാണികൾ എന്നാണ് അറിയപ്പെടിരുന്നത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള സ്പർദ്ദ ശക്തമായിരുന്നെങ്കിലും നസ്രാണികളുടെ ഇടയിലെ ആഭ്യന്തര പ്രശ്നം മാത്രമായിരുന്നു മേൽപ്പറഞ്ഞ വിഭാഗീയത. ഇരുകൂട്ടരും ഒരേ ഇടവകകളിലെ അംഗങ്ങൾ ആയിരുന്നു. ഇന്ന് ഐക്യം അസാധ്യമെന്നു തോന്നുന്ന വിധം ഇരു വിഭാഗങ്ങളും തമ്മിൽ അകന്നു കഴിഞ്ഞു.
തെക്കുംഭാഗക്കാരെപ്പോലെ സ്വന്തം സമൂഹത്തെക്കുറിച്ച് ഇത്രയധികം അഭിമാനം ഉള്ള മറ്റൊരു സമൂഹം കേരളത്തിൽ ഉണ്ടോ എന്ന് സംശയമാണ്. എന്നാൽ തങ്ങളുടേതു മാത്രം അല്ലാത്ത പാരന്പര്യങ്ങൾ തെക്കുംഭാഗക്കാരുടെതു മാത്രമാണെന്നും മറ്റുമുള്ള പ്രചാരണങ്ങൾ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.

'ക്നാനായ' എന്ന നാമം അടുത്തകാലത്ത്‌ ഉരുത്തിരിഞ്ഞു വന്ന പ്രചാരണം ആണ്. ഒരു 30 കൊല്ലത്തിൽ കൂടുതൽ ആയിട്ടില്ല തെക്കുംഭാഗക്കാർ എന്ന 'ക്നാനായ'ക്കാർ ആ പേര് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട്. അവരുടെ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെ നസ്രാണികളുടെ പല പാരന്പര്യങ്ങളെയും അവരുടേതായി മാറ്റി. ആഞ്ഞിലിമൂട്ടിൽ ഇട്ടിതൊമ്മൻ കത്തനാരിൽ തുടങ്ങി, മാത്യു മാക്കിൽ, ജോസഫ്‌ ചാഴികാടൻ, ജേക്കബ് വെള്ളിയാൻ വരെ എത്തി നിൽക്കുന്നു, പ്രചാരകരുടെ തലമുറ. ഇവരുടെ ഒരു പ്രചരണം മാർഗം കളി, പെസഹ മുതലായ നസ്രാണികളുടെ തനതു പാരന്പര്യങ്ങൾ തെക്കുംഭാഗക്കാർ ആണ് കേരളത്തിൽ പേർഷ്യയിൽ നിന്നും നട്ട് പിടിപ്പിച്ചതെന്നാണ്. മറ്റൊന്ന് ഇന്ന് തെക്കുംഭാഗക്കാരുടെ ഇടയിൽ വളരെ പ്രചാരത്തിൽ ഇരിക്കുന്ന മാർ തൊമ്മൻ നന്മയിൽ, ബറുമറിയം, തുടങ്ങിയ നാടോടി ഗാനങ്ങൾ തെക്കുംഭാഗക്കാരുടെതാണ്‌ എന്നാണ്. തോമാസ്ലീഹായിൽ നിന്നുമുള്ള പാരന്പര്യം പറയാത്തവർക്ക് എങ്ങനെയാണ് അദ്ദേഹത്തെ പ്രകീർത്തിച്ചു കൊണ്ടുള്ള നാടോടിഗാനം രൂപപ്പെട്ടത്? തീർന്നില്ല സുറിയാനി ഭാഷ, അന്തം/ചന്തം ചാർത്ത്, അവലോസ്, അച്ചപ്പം, ചീപ്പപ്പം, പാലപ്പം, കള്ളപ്പം, മുതലായ നസ്രാണികളുടെ ഭക്ഷണ സാധനങ്ങൾ 'ക്നാനായക്കാർ' പണ്ട് പേർഷ്യയിൽ നിന്നും കൊണ്ടുവന്നതാണത്രേ! ചിലർ ഒരുപടി കൂടി മുൻപിൽ ആണ്. അവർ പ്രചരിപ്പിക്കുന്നത് തൊമ്മൻ മാപ്പിള ആണ് മലബാറിൽ ക്രൈസ്തവമതം തന്നെ കൊണ്ടുവന്നത് എന്നാണ്. തോമാശ്ലീഹാ മലബാറിൽ വന്നിരുന്നു എന്നാ വിശ്വാസ പൈതൃകം പിൽക്കാലത്ത്‌ നസ്രാണികൾ കൂട്ടിച്ചേർത്ത ഒരു ഊതി പെരുപ്പിച്ച കഥ ആണത്രേ!

മുകളിൽ വിവരിച്ച പ്രചാരണങ്ങൾ തലമുറകളായി തുടർന്ന് പോരുന്നതിനാൽ, ഇന്ന് പലരും കരുതുന്നത് തെക്കുംഭാഗക്കാരിൽ നിന്നാണ് കേരളത്തിലെ നസ്രാണികളുടെ പാരന്പര്യങ്ങൾ ഉരുതിരിഞ്ഞതെന്നാണ്. അത് കാത്തു സൂക്ഷിക്കുന്നതും അവരാനെന്നാണ് ഭൂരിപക്ഷവും ചിന്തിക്കുന്നത്. ക്നായി തൊമ്മൻ അഥവാ തൊമ്മൻ മാപ്പിളയുടെ നേതൃത്വത്തിൽ കുറെ ആൾക്കാർ മലബാറിൽ കുടിയേറി എന്നതിന് ഞങ്ങൾക്ക് യാതൊരു തർക്കവും ഇല്ല. ഏതു നൂറ്റാണ്ട് എന്നതിനു മാത്രമാണ് തർക്കമുള്ളത് - അത് തെക്കുംഭാഗക്കാർ പറയുന്നത് പോലെ 345 AD അല്ല എന്നത് ഉറപ്പാണ്. കേരളത്തിലെ ജാതി വ്യവസ്ഥ ഉരുതിരിഞ്ഞതിനു ശേഷമാണ് അവരുടെ വരവെന്ന് വ്യക്തമാണ് - കാരണം ക്രൈസ്തവർ അല്ലാത്ത ഉന്നത സമുദായങ്ങളുമായി നസ്രാണികൾ വൈവാഹിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഉദയംപെരൂരിൽ നടന്ന ബലപ്രയോഗത്തിന്റെ രേഖകളിൽ ഇത് വ്യക്തമാണ്. അന്നത്തെ ജാതി വ്യവസ്ഥയിൽ അംഗീകരിചിട്ടില്ലതെന്തോ സംഭവിച്ചത് കൊണ്ട് ഒരു ചെറിയ വിഭാഗം തഴയപ്പെട്ടു. അല്ലെങ്കിൽ ഇത്തരത്തിൽ ഉള്ള ഒരു ഭിന്നത വരേണ്ട കാരണം എന്താണ്?

തൊമ്മൻ മാപ്പിളയ്ക്ക് അലക്കുകാരിയുമായുള്ള ബന്ധവും അതിനെ ചുറ്റി കുറെ കഥകളും ഉണ്ടെങ്കിലും അവയെ അപഗ്രഥിക്കാൻ ഇപ്പോൾ മുതിരുന്നില്ല. പക്ഷെ അങ്ങനെ ഒരു കാര്യം തള്ളി കളയാൻ പറ്റില്ല - കാരണം ചെപ്പേടിൽ മേൽപ്പറഞ്ഞ അലക്കു തൊഴിലാളികൾക്ക് പ്രത്യേകം പരിഗണന കൊടുക്കണം എന്ന് എഴുതപ്പെട്ടിരിക്കുന്നു. കാരണം എന്തും ആകട്ടെ തെക്കും വടക്കും എന്നൊരു വേർതിരിവ് നസ്രാണികളുടെ ഇടയിൽ പറങ്കികൾ വരുന്നതിനു മുൻപ് തന്നെ ഉള്ളതാണ്. തൊമ്മൻ മാപ്പിളയുടെ പാരന്പര്യം ഇരു കൂട്ടരും ഒന്നിച്ചു ജീവിച്ചിരുന്ന സ്ഥലങ്ങളിലെ വടക്കുംഭാഗരും ഈ അടുത്ത കാലം വരെ അവകാശപ്പെട്ടിരുന്നു. തർക്കം എല്ലാക്കാലത്തും ആരാണ് ഉന്നത കുലജാതർ എന്നതിൽ ആയിരുന്നു. ഈ ലേഖനം വായിച്ചു കഴിയുന്പോൾ നിങ്ങൾക്ക് അതിനുള്ള ഉത്തരം കിട്ടും.

345 കാലഘട്ടത്തിൽ പേർഷ്യയിൽ നിന്നും മലബാറിലേക്ക് ക്രൈസ്തവർ കുടിയേറിയിരിക്കാം. ആ കാലത്ത് സസാനിയൻ ചക്രവർത്തി സപൂർ രണ്ടാമൻ ക്രൈസ്തവർക്കെതിരെ അതിക്രൂരമായ മതപീഡനം അഴിച്ചു വിട്ടു. ആ കാലത്ത് മലബാറും പേർഷ്യയുമായി കച്ചവട ബന്ധം ഉണ്ടായിരുന്നു എന്നതിന് പട്ടണം ഉൽഘനനത്തിൽ നിന്നും കിട്ടിയ തെളിവുകൾ ഉണ്ട്. അതുകൊണ്ട് ആ കാലത്ത് കച്ചവട ബന്ധങ്ങൾ ഉപയോഗിച്ച് അന്നാട്ടിലെ ക്രൈസ്തവർ മലബാറിലേയ്ക്ക് പലായനം ചെയ്തിരിക്കാം.

പേർഷ്യയുമായുള്ള നസ്രാണികളുടെ ബന്ധം ഒന്നാം നൂറ്റാണ്ടു മുതൽ തോമാ ശ്ലീഹായുടെ ആഗമനം മുതലുള്ളതാണ്. ഉത്തരേന്ത്യയിലും പേർഷ്യയിലും മിശിഹായെ പ്രഘോഷിച്ചതിനു ശേഷമാണ് അദ്ദേഹം മലബാറിലേക്ക് യാത്ര തിരിച്ചത്. അതുകൂടാതെ സസാനിയൻ സാമ്രാജ്യത്തിലെ തോമാശ്ലീഹ സ്ഥാപിച്ച റെവ്-അർദഷിറിൽ (ഇന്നത്തെ ഇറാൻ) നിന്നായിരുന്നു പിൽക്കാലത്ത്‌ നസ്രാണികളുടെ മെത്രാന്മാർ വന്നിരുന്നത്. ഒരു തർക്കത്തിനായി തോമാസ്ലീഹായെ മാറ്റി നിറുത്തിയാൽ തന്നെ അൽഫോൻസ്‌ മിങ്കാന (Alphons Mingana) പറയുന്നതനുസരിച്ചു പേർഷ്യയുമായുള്ള ബന്ധം മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ എങ്കിലും ആരംഭിച്ചു എന്നാണ്. പല്ലവി അഥവാ പഴയ പേർഷ്യൻ ഭാഷ (സസാനിയൻ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ) ഉപയോഗിച്ചിരുന്നവർ കേരളത്തിലെ നസ്രാണികളുടെ ഇടയിൽ ഉണ്ടായിരുന്നു - നസ്രാണികൾക്ക് ചേര രാജാക്കന്മാർ നൽകിയ ചെപ്പേടിൽ ഉള്ള ഒപ്പുകൾ, നസ്രാണികൾ വളരെ പവിത്രമായി കരുതുന്ന സ്ലീവകളിൽ കാണുന്ന ലിഖിതങ്ങൾ മുതലായവ ഇതിനു തെളിവാണ്. ദാവീദ് ബസ്രയുടെ ആഗമനം (298 AD) മുതൽ ആയിരിക്കണം പേർഷ്യൻ കുടിയേറ്റം തുടങ്ങിയിരിക്കുന്നത്. ആറാം നൂറ്റാണ്ടിലെ കൊസ്മാസ് എഴുതിയിരിക്കുന്നതനുസരിച്ചു 'കുരുമുളക് വിളയുന്ന മലെ' യിൽ (Malé where the pepper grows) പേർഷ്യയിൽ നിന്നു പട്ടം സ്വീകരിച്ച മെത്രാൻ ഉണ്ട് എന്നാണ്. പിൽക്കാലത്ത് വന്ന മറുവാൻ സബ്രീശോ എന്നാ കച്ചവടക്കാൻ പേർഷ്യൻ ആണെന്നാണ്‌ ഞങ്ങൾ വിശ്വസിക്കുന്നത്. തരിസാപ്പള്ളി (meaning Christian church) എന്ന വാക്ക് തന്നെ പേർഷ്യൻ ഭാഷയിലെ tarsa എന്ന വാക്കിൽ നിന്നാണ്. കൂടാതെ തര്യൻ, തരകൻ, മുതലായ സ്ഥാനപ്പേരുകളുടെ ഉത്ഭവവും.

ഇത്രയും പറഞ്ഞത് തൊമ്മൻ മാപ്പിള മാത്രമല്ല മലബാറിൽ വന്ന പേർഷ്യാക്കാരൻ (അദ്ദേഹം പേർഷ്യയിൽ നിന്നാണോ, യെമെനിലെ പൌരാണിക തുറമുഖമായ ഖാനായിൽ നിന്നാണോ, കീന എന്നാ ചൈനയിൽ നിന്നാണോ എന്ന തർക്കം ബാക്കിയുണ്ട്) എന്ന് ഓർമിപ്പിക്കാൻ ആണ്.

തെക്കുംഭാഗക്കാർ പറയുന്നത് തൊമ്മൻ മാപ്പിള മലബാറിൽ എത്തിയത് കാതോലികോസ് കണ്ട സ്വപ്നം കാരണം ആണെന്നാണ്‌ (ഈ കാര്യത്തിൽ ബാബിലോണിയയിലെ കാതോലിക്കോസ് ആണോ അന്ത്യോക്ക്യയിലെ പത്രിയാർക്കീസ് ആണോ എന്നതിന് തന്നെ കത്തോലിക്കാ യാക്കോബാ വിഭാഗത്തിലുള്ള തെക്കുംഭാഗക്കാർക്ക് തര്ക്കം ഉണ്ട്). മലബാറിലെ നസ്രാണികളെ സഹായിക്കാനായി ഒരു സംഘം ആൾക്കാർ പുറപ്പെടണം എന്നായിരുന്നു ആ സ്വപ്നം. സ്വവംശത്തില്‍ നിന്നുള്ള വിവാഹമേ പാടുള്ളൂ എന്ന് മേൽപ്പറഞ്ഞ ആൾ കല്പ്പിച്ചത്രേ! എന്നാൽ ചരിത്രം പറയുന്നതു ഒന്പതാം നൂറ്റാണ്ടിലെ തിമോത്തി ഒന്നാമൻ കാതോലിക്കോസ് ഇന്ത്യൻ നസ്രാണികളും കുടിയേറ്റ വംശജരും തമ്മിൽ വിവാഹം കഴിക്കുന്നതിനു യാതൊരു തടസവും ഇല്ല എന്ന് എഴുത്തിലൂടെ വ്യക്തമാക്കി. ഇതിനു കാരണം ഭാരതത്തിൽ അക്കാലത്ത് പ്രബലമായിക്കൊണ്ടിരുന്ന ജാതിവ്യവസ്ഥ അന്ന്. പൌരസ്ത്യ സുറിയാനി സഭ വർഗ്ഗം, സംസ്കാരം, ദേശീയത മുതലായവയ്ക്ക് അതീതമായി വളർന്ന ഒരു സഭ ആണ്. ഒരു കാലത്ത് സഭയുടെ തലവൻ ബീജിംഗ് / ചൈനയിലെ തുർക്-മൊങ്കൊൽ വംശത്തിൽ പെട്ടവൻ ആയിരുന്നു. ഈ ആധുനിക കാലത്ത് പോലും റോമ സഭ നസ്രാണികളോട് തുടർന്ന് പോരുന്ന അനീതികൾ കാണുന്പോൾ പൌരസ്ത്യ സുറിയാനി സഭ എത്രമാത്രം പുരോഗമിച്ചിരുന്നു എന്ന് കാണാം.

മേല്പ്പറഞ്ഞ സ്വപ്നം മൂലം മലങ്കരയിൽ എത്തിയ തൊമ്മൻ മാപ്പിളയും കൂട്ടരും നസ്രാണികൾ അന്യം നിന്ന് പോകാതെ രക്ഷിച്ചു. അത് കൂടാതെ അവർക്ക് രാജാവിൽ നിന്ന് വളരെയധികം പദവികൾ വാങ്ങിക്കൊടുത്തു. തൊമ്മൻ മാപ്പിള മഹാനായ ഒരു വ്യക്തി ആയിരുന്നു എന്നതിന് സംശയം വേണ്ട. അദ്ദേഹം മലബാറിലെ സഭയ്ക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു - അല്ലെങ്കിൽ എന്തിനാണ് അക്കാലത്തു അദ്ദേഹത്തെ കുർബാനയിൽ ഓർത്തിരുന്നത്?

സഭയ്ക്ക് പ്രിയപ്പെട്ടവൻ ആയിരുന്ന തൊമ്മൻ മാപ്പിളയുടെ നേരിട്ടുള്ള പിൻഗാമികൾ എന്നവകാശപ്പെടുന്ന തെക്കും ഭാഗക്കാർക്ക് എന്തുകൊണ്ടാണ് സമുദായത്തിൽ വടക്കും ഭാഗക്കാർ ചെയ്തിരുന്ന പല കാര്യങ്ങളും നിഷിദ്ധം ആയിരുന്നത്? ഉദയംപെരൂരെ ബലപ്രയോഗത്തിന് മുൻപേ എന്തുകൊണ്ടാണ് തെക്കുംഭാഗക്കാരെ വൈദികവൃത്തിയിൽ ഏർപ്പെടാൻ അനുവദിക്കാതെ ഇരുന്നത്? എന്തുകൊണ്ടാണ് വടക്കും ഭാഗകാരുടെ അർക്കദിയാക്കോന്റെ കീഴിൽ തെക്കുംഭാഗക്കാർ വന്നത്? 345 മുതൽ ചരിത്രം അവകാശപ്പെടുന്നവർക്ക് എന്തുകൊണ്ടാണ് പതിനാറാം നൂറ്റാണ്ടിനു മുന്പുള്ള ഒരു പള്ളി പോലും ഇല്ലാത്തത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടു പിടിക്കേണ്ടത്‌ ഞങ്ങളുടെ ഉത്തരവാദിത്വം അല്ല.

തെക്ക് മലയാളികളുടെ സംസ്കാരത്തിൽ നല്ല ദിക്കായിട്ടല്ല കണക്കാക്കുന്നത്. മരിക്കുന്നതിനു തെക്കോട്ട്‌ എടുക്കുക എന്നാണു മലയാളികൾ പറയുന്നത്. തെക്കോട്ട്‌ തല വെച്ച് ആരും കിടന്നുറങ്ങാറില്ല. വാസ്തു അനുസരിച്ച് തെക്കോട്ട്‌ ചെരിവുള്ള സ്ഥലം നല്ലതല്ല. പണ്ട് കാലത്ത് കക്കൂസ്‌ ഇല്ലാതിരുന്ന കാലത്ത് വെളിക്കിറങ്ങിയിരുന്നത് വീടിന്റെ തെക്ക് വശത്താണ്. പണ്ട് കാലത്ത് സന്പന്ന കുടുംബങ്ങളുടെ അടിയാന്മാർ താമസിച്ചിരുന്നത് തെക്കേ പറന്പിൽ ആയിരുന്നു.

തെക്കും വടക്കും എന്ന വ്യത്യാസം കൊടുങ്ങലൂരിലെ നസ്രാണികളുടെ ഇടയിൽ മാത്രം ഉള്ളതായിരുന്നു. പിന്നീട് കൊടുങ്ങല്ലൂരെ നസ്രാണികൾ പതിനാറാം നൂറ്റാണ്ടിൽ മറ്റ് നാടുകളിലേക്ക് പാലായനം ചെയ്തപ്പോൾ അന്നത്തെ ഭിന്നത അവർ ചെന്ന സ്ഥലങ്ങളിലും തുടർന്നു. തെക്കുംഭാഗക്കാരുടെ പള്ളികൾ എല്ലാം തന്നെ പതിനാറാം നൂറ്റാണ്ടിനു ശേഷം മാത്രമുള്ളതാണ്. കൂടാതെ എല്ലാ സ്ഥലങ്ങളിലും മേൽപ്പറഞ്ഞ ഇരു വിഭാഗക്കാരും ജീവിക്കുന്നില്ല.

കുര്യൻ തോമസിന്റെ പ്രബന്ധം അനുസരിച്ച് സാന്പത്തിക കാരണങ്ങളാൽ ആണ് തെക്കും വടക്കും എന്നൊരു വേർതിരിവ് വന്നത്. തെക്കും വടക്കും ഭാഗക്കാരിലെ വരേണ്യ വർഗ്ഗം വിവാഹത്തിൽ എർപ്പെട്ടിരിന്നു. എന്നാൽ പൌരോഹിത്യം, ഭരണം മുതലായവയിൽ പങ്കുണ്ടായിരുന്നില്ല.

പതിനാറാം നൂറ്റാണ്ടിൽ അധിനിവേശപ്രദേശങ്ങളിൽ ഉള്ളവരെ കൊന്നൊടുക്കുന്നത് കൂടാതെ അവിടെ ഉള്ളവരുമായി ഏതെങ്കിലും തരത്തിൽ ബന്ധുത്വം സ്ഥാപിക്കുക എന്നത് പറങ്കികളുടെ കൗശലം ആയിരുന്നു. തെക്കേ അമേരിക്കയിൽ ഇന്ന് കാണുന്ന രാഷ്ട്രീയ സ്ഥിതിഗതി വന്നത് മേൽപ്പറഞ്ഞ രണ്ടു മാർഗ്ഗങ്ങളിൽ കൂടെ ആണ്. കേരളത്തിൽ ചെറുതെങ്കിലും ശക്തമായ ഒരു ഭരണ സംവിധാനം ഉണ്ടായിരുന്നത് കൊണ്ട് കൊന്നൊടുക്കുക അത്ര എളുപ്പം ആയിരുന്നില്ല. അതിനാൽ അവർ രണ്ടാമത്തെ മാർഗം സ്വീകരിച്ചു. ജാതിവ്യവസ്ഥ ശക്തമായ കേരളത്തിൽ അവർ അതിലും വിജയിച്ചില്ല എന്ന് വേണം കരുതാൻ. പറങ്കികൾ നസ്രാണികളുമായി വൈവാഹിക ബന്ധത്തിന് ശ്രമിച്ചപ്പോൾ വടക്കും ഭാഗക്കാർ മുഴുവനും തെക്കും ഭാഗക്കാരിലെ നല്ലൊരു ശതമാനവും ജാതീയ കാരണങ്ങളാൽ നിരാകരിച്ചു. എന്നാൽ അലക്കുകാരിയുടെ തലമുറയിൽപ്പെട്ട ഒരു വിഭാഗം തെക്കുംഭാഗക്കാർ അതിനു മുതിർന്നു. അതോടെ അതുവരെ നിലനിന്നിരുന്ന തെക്ക് വടക്ക് വൈവാഹികബന്ധങ്ങൾക്ക് അന്ത്യമായി. അങ്ങനെ അവർ ഒരേ സമുദായത്തിൽ നിന്നും വിവാഹം കഴിക്കാൻ നിർബന്ധിതരായി. പിൽക്കാലത്ത് അതു വർഗശുദ്ധി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

മെനെസിസ് നടത്തിയ ദൗത്യ യാത്രയിൽ ടിയാന് ഊഷ്മള വരവേൽപ്പ് കടുത്തുരുത്തി ഇടവകക്കാർ കൊടുത്തു. പിന്നീടു കടുത്തുരുത്തി പള്ളിയിൽ മെനെസിസിന്റെ നേതൃത്വത്തിൽ ആദ്യമായി തെക്കുംഭാഗക്കാർക്ക് പൌരോഹിത്യം കൊടുത്തതോടെ രണ്ടു വിഭാഗക്കാരും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽ വീണു. കടുത്തുരുത്തി പള്ളിയ്ക്ക് വളരെ പ്രാധാനമായ ഒരു സ്ഥാനം നസ്രാണികളുടെ ചരിത്രത്തിൽ ഉണ്ട്. പറങ്കികളുടെ വലിയ പള്ളി എന്നാണ് അവിടെ തന്നെ സൂക്ഷിച്ചിരിക്കുന്ന സന്ദർശക കുറിപ്പ് പറയുന്നത്. ഇത് തെക്കുംഭാഗക്കാർക്ക് പറങ്കികളുമായുള്ള ബന്ധത്തിന്റെ ആഴത്തെ സൂചിപ്പിക്കുന്നു. പറങ്കികൾ തെക്കുംഭാഗക്കാരുമായുള്ള ബന്ധം ഉപയോഗിച്ച് നസ്രാണികളെ അവരുടെ വരുതിയിൽ ആക്കാനുള്ള പ്രവർത്തനത്തിന് കടുത്തുരുത്തി ആസ്ഥാനമാക്കി. പകരം തെക്കുംഭാഗക്കാർക്ക് പരന്പരാഗതമായി ഇല്ലാതിരുന്ന അന്തസ്സും ആഭിജാത്യവും പുരോഹിതരെയും ലഭിച്ചു. ആ ബന്ധുതയിലൂടെ അവർ പല സാംസ്കാരിക കൈമാറ്റങ്ങളും നടത്തി. ഉദാഹരണമായി ആഘോഷവേളയിൽ സദ്യയ്ക്ക് മദ്യം വിളന്പുന്ന പാരന്പര്യം. ഭക്ഷണം കഴിക്കുന്പോൾ മദ്യം കഴിക്കുന്ന പാരന്പര്യം യൂറോപ്പിൽ നിന്നുള്ളതാണ്.

ഒന്പതാം നൂറ്റാണ്ടിൽ വന്ന തോമസ്‌ കാന എന്ന ഒരു മെത്രാനും തൊമ്മൻ മാപ്പിളയും പല പണ്ഡിതന്‍മാരെയും ആശയക്കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്. എങ്കിലും തൊമ്മൻ മാപ്പിള എന്നൊരു കച്ചവടക്കാരൻ വന്നിരുന്നു എന്നുള്ളതിന് സംശയം വേണ്ട. അദ്ദേഹവുമായി ബന്ധപ്പെട്ട് രണ്ടു സമുദായങ്ങളും രൂപപ്പെട്ടുവന്നു. കാരണം എന്തുമാകട്ടെ രണ്ടു വിഭാഗക്കാരും തമ്മിലുള്ള അകല്‍ച്ച കൂനൻ കുരിശു സത്യത്തിന് മുന്പേ തന്നെ പൂർണമായിരുന്നു. കാരണം വടക്കും ഭാഗക്കാരുടെ ഇടയിലുള്ള മതപരമായ വിഭാഗീയത തെക്കുംഭാഗക്കാരുടെ ഇടയിലും കാണാവുന്നതാണ്.

ഇന്ന് വടക്കുംഭാഗക്കാരിലെ കത്തോലിക്കാ വിഭാഗം മേൽപ്പറഞ്ഞ സാമൂദായിക വ്യത്യസ്തതയെ പറ്റി ഒട്ടും ഉത്‌കണ്‌ഠയിലല്ല. അതിന്റെ കാര്യവുമില്ല എന്നാണു ഞങ്ങളുടെ അഭിപ്രായം. ആധുനിക സമൂഹത്തിൽ ഇത്തരം കാര്യങ്ങൾ പരസ്യമായി പറയുന്നത് മാന്യത ആയി കരുതുന്നില്ല. എന്നാൽ ചരിത്രം വളച്ചൊടിക്കുകയും, ദുഷ്പ്രചരണങ്ങൾ നടത്തുകയും ചെയ്യുന്നത് കണ്ടിട്ട് പ്രതികരിക്കാതെ ഇരിക്കുന്നത് ഉചിതമല്ല. ഇന്ന് ഇത് ഞങ്ങൾ ചെയ്തില്ലേൽ വരും തലമുറ തൊമ്മൻ മാപ്പിള 'കൊണ്ടുവന്ന' പാരന്പര്യങ്ങളുടെ പേരിൽ ആയിരിക്കും അറിയപ്പെടുന്നത്.

References

  • Thomas, K. M. (2005). The Identity Question of Malankara Nazaranies: A Study Based on Niranam Grandhavari 1708-1815.
  • Swiderski R.M. (1988) Northists and Southists :A Folklore of Kerala Christians Asian Folklore Studies, Vol. 47, 1988: 73-92.
  • Kurmankan J. (1944). Southists and Northists (Malayalam), B.K.M. Press Alappuzha.

 


© Nasrani Foundation

Feel free to use this text anywhere. We are grateful if you cite us. Write your comments to this article on info 'at' nasranifoundation 'dot' org.